
തിരുവനന്തപുരം: വെള്ളറട സ്വദേശി ജോസിനെ (70) മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രജിന്റെ അമ്മ. കഴിഞ്ഞ ഏഴു വർഷത്തിലേറെയായി താനും ഭർത്താവും മകനെ ഭയന്നാണ് ജീവിച്ചിരുന്നതെന്ന് പ്രജിന്റെ അമ്മ സുഷമ വെളിപ്പെടുത്തി. മകൻ ജയിലിൽ നിന്നിറങ്ങിയാൽ തന്നെയോ മകളെയോ കൊലപ്പെടുത്തുമെന്നും സുഷമ ഭയക്കുന്നു. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് മകനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്നും ഇവർ വ്യക്തമാക്കി.
‘‘കൊച്ചിയിൽ സിനിമാ പഠനത്തിനു പോയിരുന്നു. മുറി പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ മുറിയിലേക്ക് കയറാൻ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാൽ ഉടൻ അവൻ പ്രതികരിക്കും, ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയിൽ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകൻ ജയിലിൽ നിന്നും പുറത്തു വന്നാൽ എന്നെയും കൊല്ലും’’ – സുഷമ പറഞ്ഞു.











